Wednesday, March 17, 2010

സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ഖാസി

കാസര്‍കോട്: ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ജമാഅത്തുകളുടെ ഖാസിയായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി പൊസോട്ട്‌ വ്യാഴാഴ്ച ചുമതലയേല്‍ക്കും. വൈകീട്ട്‌ മൂന്നിന്‌ കുണ്‌ടംകുഴി ജുമാമസ്‌ജിദ്‌ പരിസരത്ത്‌ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെ തുടര്‍ന്നാണ്‌ പൊസോട്ട്‌ തങ്ങളെ ഖാസിയായി നിയമിച്ചത്‌. പാണക്കാട്‌ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍ തലപ്പാവ്‌ അണിയിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി, എം അലികുഞ്ഞി മുസ്‌ലിയാര്‍‍, ഉടുപ്പി ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍‍, സി.എം അബൂബക്കര്‍ ഹാജി സംബന്ധിക്കും.
സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി പൊസോട്ട്‌ നിലവില്‍ കടലുണ്‌ടി ഖാസിയും മഞ്ചേശ്വരം മള്‌ഹര്‍ ചെയര്‍മാനും ജാമിഅ സഅദിയ്യ അറബിയ്യ വൈസ്‌ പ്രസിഡന്റും സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്‌. 1961 സപ്‌തംബര്‍ 21ന്‌ കോഴിക്കോട്‌ ജില്ലയിലെ കടലുണ്‌ടിയില്‍ ജനിച്ച തങ്ങള്‍ പിതാവ്‌ സയ്യിദ്‌ അഹമ്മദ്‌ ബുഖാരിയില്‍ നിന്നു പ്രാഥമിക മതവിജ്ഞാനം നേടി. കോടമ്പുഴ ബീരാന്‍ കോയ മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ മതപഠനം പൂര്‍ത്തിയാക്കി. 1983ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നു ബാഖവി ബിരുദം നേടി. കാല്‍നൂറ്റാണ്‌ട്‌ കാലം പൊസോട്ട്‌ ജുമാമസ്‌ജിദില്‍ മുദരിസായി സേവനം അനുഷ്ടിച്ചു. തൃശൂര്‍ ജില്ലാ സംയുക്ത ജമാഅത്ത്‌ ഖാസിയും മലപ്പുറം മഹ്‌ദിന്‍ ചെയര്‍മാനുമായ സയ്യിദ്‌ ഇബ്രാഹീം ഖലീല്‍ ബുഖാരി സഹോദരനാണ്‌.