Sunday, August 1, 2010

എസ്.വൈ.എസ് റമളാന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ 10 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന റമളാന്‍ ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ ആവേശകരമായ തുടക്കം. ജില്ലാ സുന്നിസെന്ററില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, എ.ബി മൊയ്തു സഅദി, ഹമീദ് മൗലവി ആലമ്പാടി, ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക, വിന്‍സന്റ് മുഹമ്മദ് ഹാജി, ശംസുദ്ദീന്‍ ഹാജി പുതിയപുര, നാഷണല്‍ അബ്ദുല്ല, ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, ബശീര്‍ മങ്കയം, കെ. പി. മൂസ സഖാഫി, അലങ്കാര്‍ മുഹമ്മദ് ഹാജി, മുഹമ്മദ് തൊട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഹസ്ബുല്ല തളങ്കര നന്ദിയും പറഞ്ഞു. ക്യാമ്പയിന്‍ ഭാഗമായി റമളാന്‍ പ്രഭാഷണം, തര്‍ബിയ്യ, ബദര്‍ സ്മരണ, റിലീഫ് ഡേ, മോറല്‍ സ്‌കൂള്‍, കുടുംബ സഭ, സമൂഹ സിയാറത്ത്, ഗൃഹസന്ദര്‍ശനം, ഇഫ്താര്‍ മീറ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും.

മുഹിമ്മാത്ത് നഗറില്‍ ശുഭ്ര സാഗരം തീര്‍ത്ത് അഹ്ദല്‍ ആണ്ട് നേര്‍ച്ചയ്ക്ക പ്രൗഢ ഗംഭീര സമാപ്തി.

കാസര്‍കോട് : സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നേറാനും കഷ്ടതയനുഭവിക്കുന്നവരിലേക്ക് കരുണ്യം പകരാനും ആഹ്വാനം ചെയ്ത് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ ഒരാഴചയായി നടന്നു വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയ്ക്കും മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിനും പ്രോജ്ജ്വല സമാപ്തി. ദിവസങ്ങളായി തിമിര്‍ത്തു പെയ്തു കൊണ്ടിരുന്ന കര്‍ക്കിട മഴ മാറി നിന്ന ധന്യാന്തരീക്ഷത്തില്‍ നൂറുകണക്കിനു പണ്ഡിതരുടെയും പരശ്ശതം വിശ്വാസികളുടെയും ശുഭ്ര സാഗരം സാക്ഷിയാക്കി 25 ഹിമമി പണ്ഡിതരും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ 5 ഹാഫിളുകളും താജുല്‍ ഉലമ സയ്യിദ് അബ്ദു റഹ്മാന്‍ അല്‍ ബുഖാരിയുടെ കരങ്ങളില്‍ നിന്ന് സനദ് ഏറ്റ് വാങ്ങിയതോടെയാണ് ശനിയാഴ്ച രാത്രി വൈകി സമ്മേളനത്തിന് തിരശീല വീണത്. കര്‍മ വിശുദ്ധി കൊണ്ട് സമൂഹത്തിനു മൊത്തം വെളിച്ചം പകര്‍ന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ദീപ്ത സ്മരണകള്‍ നിറഞ്ഞു നിന്ന വേദിയില്‍ ആ മഹാ മനീഷിയുടെ ജീവിതം മാതൃകയാക്കാന്‍ യുവ സമൂഹത്തോട് നേതാക്കള്‍ ആഹ്വാനം ചെയ്തു. രാവിലെ മുതല്‍ സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി പ്രവര്‍ത്തകരുടെ പ്രവാഹം തുടങ്ങിയിരുന്നു. 35 ഏക്കര്‍ വരുന്ന മുഹിമ്മാത്തിന്റെ പ്രവിശാലമായ ക്യാമ്പസ് നിറഞ്ഞ് കവിഞ്ഞ് മുഗു റോഡ് മുതല്‍ കട്ടത്തട്ക്ക വരെ ജനം ഒഴുകുകയായിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച സമാപന സനദ് ദാന മഹാ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചിത്താരി കെ.പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ സ്ഥാന വസ്ത്ര വിതരണം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും തുര്‍ക്കളിഗെ ഇമ്പിച്ചി കോയ തങ്ങള്‍ സമാപന പ്രാര്‍ഥനയും നടത്തി. ജനറല്‍ സെക്രട്ടറി ബി.എസ് അബദുല്ല കുഞ്ഞി ഫൈസി സ്വാഗതം ആശംസിച്ചു. സയ്യിദ് കെ,കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്ല്യാപ്പള്ളി ശാഫി സഅദി നന്താപുര എ.കെ ഇസ്സുദ്ദീന്‍ സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ ശഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ പ്രസംഗിച്ചു




ഭികരതക്കെതിരെയുള്ള നീക്കങ്ങള്‍ ഭീകരത വളരാന്‍ കാരണമാകരുത്: കാന്തപുരം

മുഹിമ്മാത്ത് നഗര്‍ (പുത്തിഗെ): ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭികരതയും തീവ്രവാദവും വളര്‍ത്താന്‍ കാരണമാകരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് വാര്‍ഷിക മഹാ സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങളും തീവ്രവാദവും മത വിരുദ്ധം മാത്രമല്ല മനുഷ്യത്വ രഹിതമാണ്. അതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മതങ്ങളുടെ വേര്‍തിരിവുകളില്ലാതെ എല്ലാവരും ഒത്തു ചേരുകയും നിയമം കയ്യിലെടുക്കാതെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തെ ചൂണ്ടികാണിച്ച് ഒരു സമുദായത്തെ അടക്കി ആക്ഷേപിക്കുകയും അവരുടെ പേരില്‍ തീവ്രതയുടെ മുദ്ര കുത്തുകയും ചെയ്യുന്നത് ഭീകരവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂവെന്ന് കാന്തപുരം പറഞ്ഞു. ഒരു ന്യായാധിപന്റെ മുമ്പിലെത്തുന്ന എല്ലാവരേയും ഒരേ കണ്ണ് കൊണ്ട് കണ്ട് നീതി പ്രഖ്യാപിക്കുകയും അക്രമിയെ ശിക്ഷിക്കുകയും ചെയ്യുന്നത് പോലെ രാഷ്ട്രീയക്കാരും പൊതു ജനങ്ങളും നിഷ്പക്ഷമായി ഭീകരതയെ കൈകാര്യം ചെയ്യണം. വന്‍കിട രാഷ്ട്രങ്ങള്‍ക്ക് ശിങ്കിടി പാടാത്തവരെ ഭീകരന്മാരായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. ഇസ്‌ലാമിന്റെ പുണ്യ സ്ഥലമായ മസ്ജിദുല്‍ അഖ്‌സ പിടിച്ചെടുക്കാനും മുസ്‌ലിംകളെ കൊന്നൊടുക്കാനും സഹായിക്കുന്നവര്‍ തന്നെ ഭീകരതക്കെതിരെ നല്ലപിള്ള ചമയുന്നത് തികച്ചും വിരോധാഭാസമാണ്. ആത്മീയതയും സഹിഷ്ണുതയും നിലനില്‍ക്കുന്ന സ്ഥലത്ത് മാത്രമേ സമാധാനം കാണാന്‍ കഴിയുകയുള്ളൂ. ലോകം കണ്ട ഏറ്റവും വലിയ ഭീകരതയും തീവ്രതയും ഉണ്ടാക്കിയവരെല്ലാം ഭൗതിക വിദ്യ നേടിയ വിദ്യാ സമ്പന്നരായിരുന്നു. അവരെ നിയന്ത്രിക്കുന്ന ധാര്‍മിക ബോധം ഇല്ലാത്തതാണ് അവരെ ഭീകരതയിലേക്ക് നയിച്ചത്. അതിനാല്‍ ധാര്‍മികത വളര്‍ത്തുന്ന മതഃസ്ഥാപനങ്ങള്‍ക്ക് ഈ രാജ്യത്തെ ഗവണ്‍മെന്റും ഉദ്യോഗസ്ഥരും എല്ലാ വിധ സഹായവും പ്രോത്സാഹനവും നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. സയ്യിദ് അലി ബാഫഖി തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.


ആത്മ നിര്ൃവൃതി തേടി ആയിരങ്ങളെത്തി; മുഹിമ്മാത്ത് ഭക്തി സാന്ദ്രം.

മുഹിമ്മാത്ത് നഗര്‍: കര്‍ക്കിട മാസം കോരിച്ചൊരിഞ്ഞ മഴത്തുള്ളികളും വിശ്വാസി മനസ്സില്‍ നിന്ന്് പെയ്തിറങ്ങിയ ആത്മീയ വര്‍ഷവും ഒന്നായപ്പോള്‍ മുഹിമ്മാത്തിന് ധന്യ മുഹൂര്‍ത്തം. തിമിര്‍ത്തു പെയ്ത മഴയെ അവഗണിച്ച് ദിക്‌റിന്റെ നിര്‍വൃതി തേടി ആയിരങ്ങള്‍ മുഹിമ്മാത്തിന്റെ തിരുമുറ്റത്തേക്ക ഒഴുകി വരികയായിരുന്നു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നാലാം ആണ്ട് നേര്‍ച്ചയുടെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ദിക്‌റ് സദസ്സിന് പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി.. മഗ് രിബ് നിസ്‌കാരാന്തരം നടന്ന ഖത്മപല്‍ ഖുര്‍ആന്‍ സദസ്സില്‍ സ്വാലിഹ് സഅദി തളിപറമ്പ പ്രാര്‍ഥന നടത്തി. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ.കെ ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതം പറഞ്ഞു

ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പൂര്‍ണ്ണ ആശയമാണ് ഫിഖ്ഹ്

മുഹിമ്മാത്ത് നഗര്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും സാഗര സമാനമായ ആശയ വിശദീകരണമാണ് ഫിഖ്ഹീ ഗ്രന്ഥങ്ങളെന്ന് എ പി മുഹമ്മദ് മുസ്ല്യാര്‍ പ്രസ്ഥാവിച്ചു. കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ എന്നും മഹത്വമുള്ളവരാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രാവര്‍ത്തികമാക്കേണ്ട സര്‍വ്വ കാര്യങ്ങളും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പുത്തന്‍ പ്രസ്ഥാനക്കാരുടെ നേതാക്കള്‍ പോലും അവരുടെ പുസ്തകങ്ങളില്‍ സമ്മതിച്ചിട്ടുണ്ട്. എ പി ഉസ്താദ് പറഞ്ഞു. മുഹിമ്മാത്ത് സമ്മേളനത്തിലെ ഫിഖ്ഹ് സെഷനില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.