Sunday, August 1, 2010

ഭികരതക്കെതിരെയുള്ള നീക്കങ്ങള്‍ ഭീകരത വളരാന്‍ കാരണമാകരുത്: കാന്തപുരം

മുഹിമ്മാത്ത് നഗര്‍ (പുത്തിഗെ): ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭികരതയും തീവ്രവാദവും വളര്‍ത്താന്‍ കാരണമാകരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് വാര്‍ഷിക മഹാ സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങളും തീവ്രവാദവും മത വിരുദ്ധം മാത്രമല്ല മനുഷ്യത്വ രഹിതമാണ്. അതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മതങ്ങളുടെ വേര്‍തിരിവുകളില്ലാതെ എല്ലാവരും ഒത്തു ചേരുകയും നിയമം കയ്യിലെടുക്കാതെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തെ ചൂണ്ടികാണിച്ച് ഒരു സമുദായത്തെ അടക്കി ആക്ഷേപിക്കുകയും അവരുടെ പേരില്‍ തീവ്രതയുടെ മുദ്ര കുത്തുകയും ചെയ്യുന്നത് ഭീകരവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂവെന്ന് കാന്തപുരം പറഞ്ഞു. ഒരു ന്യായാധിപന്റെ മുമ്പിലെത്തുന്ന എല്ലാവരേയും ഒരേ കണ്ണ് കൊണ്ട് കണ്ട് നീതി പ്രഖ്യാപിക്കുകയും അക്രമിയെ ശിക്ഷിക്കുകയും ചെയ്യുന്നത് പോലെ രാഷ്ട്രീയക്കാരും പൊതു ജനങ്ങളും നിഷ്പക്ഷമായി ഭീകരതയെ കൈകാര്യം ചെയ്യണം. വന്‍കിട രാഷ്ട്രങ്ങള്‍ക്ക് ശിങ്കിടി പാടാത്തവരെ ഭീകരന്മാരായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. ഇസ്‌ലാമിന്റെ പുണ്യ സ്ഥലമായ മസ്ജിദുല്‍ അഖ്‌സ പിടിച്ചെടുക്കാനും മുസ്‌ലിംകളെ കൊന്നൊടുക്കാനും സഹായിക്കുന്നവര്‍ തന്നെ ഭീകരതക്കെതിരെ നല്ലപിള്ള ചമയുന്നത് തികച്ചും വിരോധാഭാസമാണ്. ആത്മീയതയും സഹിഷ്ണുതയും നിലനില്‍ക്കുന്ന സ്ഥലത്ത് മാത്രമേ സമാധാനം കാണാന്‍ കഴിയുകയുള്ളൂ. ലോകം കണ്ട ഏറ്റവും വലിയ ഭീകരതയും തീവ്രതയും ഉണ്ടാക്കിയവരെല്ലാം ഭൗതിക വിദ്യ നേടിയ വിദ്യാ സമ്പന്നരായിരുന്നു. അവരെ നിയന്ത്രിക്കുന്ന ധാര്‍മിക ബോധം ഇല്ലാത്തതാണ് അവരെ ഭീകരതയിലേക്ക് നയിച്ചത്. അതിനാല്‍ ധാര്‍മികത വളര്‍ത്തുന്ന മതഃസ്ഥാപനങ്ങള്‍ക്ക് ഈ രാജ്യത്തെ ഗവണ്‍മെന്റും ഉദ്യോഗസ്ഥരും എല്ലാ വിധ സഹായവും പ്രോത്സാഹനവും നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. സയ്യിദ് അലി ബാഫഖി തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.


No comments:

Post a Comment