Sunday, April 3, 2011

നെല്ലിക്കുത്ത് ഇസ് മാഈല്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു

kasaragod.com, news, vartha, kasaragodvartha, kasaragodnewsമഞ്ചേശ്വരം : പ്രമുഖ ഹദീസ് പണ്ഡിതനും മര്‍കസ് വൈസ് പ്രിന്‍സിപ്പാളും മലപ്പുറം ജില്ലാ ഖാളിയുമായ ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ് മാഈല്‍ മുസ് ലിയാരുടെ നിര്യാണത്തില്‍ മഞ്ചേശ്വരം കുമ്പള ബേഡഡുക്ക കുറ്റിക്കോല്‍ സംയകുത ജമാഅത്ത് ഖാളിയും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അനുശോചിച്ചു.

.

മലപ്പുറം ജില്ലാ സംയുക്ത ഖാസി നെല്ലിക്കുത്ത് ഇസ്മായീല്‍ മുസ്‌ല്യാര്‍ അന്തരിച്ചു.

മലപ്പുറം: മലപ്പുറം ജില്ലാ സംയുക്ത ഖാളിയും കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ്പ്രിന്‍സിപ്പലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാപ്രസിഡന്റും മുശാവറ അംഗവുമായ നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ (72) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12:30ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മുസ്‌ല്യാരകത്ത് അഹമ്മദ് മുസ്‌ല്യാരാണ് പിതാവ്. ജനനം 1939ല്‍. മാതാവ് മറിയം ബിവി.

ഏഴാം വയസ്സില്‍ ഉപ്പ മരിച്ചു. പിന്നീട് ഉമ്മയുടെ പരിചരണത്തില്‍ വളര്‍ന്ന് മഹാപ്രതിഭയായി. ഇസ്മാഈല്‍ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിലും ഒരു കഥയുണ്ട്. ഇസ്മാഈല്‍ മുസ്‌ലിയാരുടെ ഉപ്പയുടെ ജ്യേഷ്ഠ സഹോദരനായിരുന്നു ഇസ്മാഈല്‍. 1921ല്‍ സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്ത് സമരത്തില്‍ ആലിമുസ്‌ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. ആലി മുസ്‌ലിയാരെ അറസ്റ്റു ചെയ്യാന്‍ തിരൂരങ്ങാടി പട്ടാളം വളഞ്ഞപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചാണ് ആ ദേശാഭിമാനി രക്തസാക്ഷിയായത്. ആ സ്മരണ നിലനിര്‍ത്താനാണ് അഹ്മദ് എന്നവര്‍ തന്റെ മകന് ഇസ്മാഈല്‍ എന്ന പേരുനല്‍കിയത്.

നെല്ലിക്കുത്തിലെ സ്വലാഹുദ്ദീന്‍ മദ്‌റസയില്‍ പ്രാഥമിക പഠനം. അഞ്ചാംതരം വരെ സ്‌കൂളിലും പഠിച്ചു. 12ാം വയസ്സില്‍ നിലമ്പൂര്‍ ചന്തക്കുന്നിലാണ് ആദ്യമായി ദര്‍സില്‍ ചേരുന്നത്. അമ്മാവന്‍ നെല്ലിക്കുത്ത് കോട്ടക്കുത്ത് കുഞ്ഞസ്സന്‍ ഹാജിയായിരുന്നു ഉസ്താദ്.

ശഷം ഉസ്താദ് കിടങ്ങയത്തേക്ക് മാറിയപ്പോള്‍ കൂടെ പോയി. ആവര്‍ഷം ഏതാനും മാസങ്ങള്‍ ഉസ്താദിന് ദര്‍സില്ലാതിരുന്നപ്പോള്‍ വെട്ടിക്കാട്ടിരിയില്‍ വള്ളുവങ്ങാട് ബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം ഉസ്താദ് കുഞ്ഞസ്സന്‍ ഹാജി പുല്ലാരയില്‍ ദര്‍സ് തുടങ്ങിയപ്പോള്‍ ഉസ്താദിന്റെ അടുത്തേക്ക് തന്നെ മടങ്ങി. അവിടെ മൂന്ന് വര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് നഹ്‌വില്‍ പ്രത്യേകമായ അവഗാഹം നേടണമെന്ന ലക്ഷ്യത്തോടെ അക്കാലത്ത് ഏറ്റവും പ്രസിദ്ധനായ നഹ്‌വീ പണ്ഡിതന്‍ കാട്ടുകണ്ടന്‍കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ വെട്ടത്തൂരിലെ ദര്‍സില്‍ ചേര്‍ന്നു. വെല്ലൂര്‍ ബാഖിയാത്തിലും പട്ടിക്കാട്ടും മറ്റും മുദരിസായിരുന്ന കരുവാരകുണ്ട് കെ.കെ എന്നറിയപ്പെട്ട പണ്ഡിതന്‍ ഈ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകനാണ്. മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ ഫള്ഫരി(കുട്ടി)മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രധാന ഗുരുനാഥന്മാരാണ്.

ആലത്തൂര്‍പടി, കാവനൂര്‍, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദര്‍രിസായി സേവനം. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വൈസ്പ്രിന്‍സിപ്പല്‍ പദവിയില്‍. 1986 മുതല്‍ മര്‍കസില്‍ ശൈഖുല്‍ഹദീസും വൈസ്പ്രിന്‍സിപ്പലുമായിരുന്നു.

വഹാബികളുടെ അത്തൗഹീദിന് ഭതൗഹീദ് ഒരു സമഗ്രപഠനം’ എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകള്‍, ഇസ്‌ലാമിക സാമ്പത്തികനിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ സ്വന്തമായുണ്ട്. മിശ്കാതിനെഴുതിയ വ്യാഖ്യാനം ഭമിര്‍ഖാതുല്‍ മിശ്കാത്’ പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്ടതാണ്‌.