Friday, July 30, 2010

ഭീകരതയുടെ പേരിലുള്ള ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കാന്‍ ഭരണകൂടം തയ്യാറാകണം: നൂറുല്‍ ഉലമ എം.എ ഉസ്താദ്

പുത്തിഗ : ഭീകര വിരുദ്ധ വേട്ടയുടെ പേരില്‍ വന്‍ശക്തിക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന തല തിരിഞ്ഞ നയങ്ങളാണ് ലോകത്ത് ഭീകരതയും തീവ്രവാദവും വളരാന്‍ കാരണമായതെന്ന് ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേല്‍ കാലങ്ങളായി ഫലസ്തീന്‍ മക്കള്‍ക്കു നേരെ നടത്തി കൊണ്ടിരിക്കുന്ന ഭീകരതയ്ക്ക് അമേരിക്കയും കൂട്ടാളികളും എല്ലാ ഒത്താശകളും ചെയ്യുന്നു. അക്രമത്തിനിരയാകുന്ന ഫലസ്തീനിലെ ചെറുപ്പക്കാര്‍ നടത്തുന്ന ചെറുത്ത് നില്‍പുകളെ ഭീകരതയായി മുദ്രകുത്തുന്നു. അമേരിക്കയുടെ കുതന്ത്രങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ നേതൃത്വം പോലും പിന്തുണ നല്‍കുന്നത് ഖേദകരമാണ്. നമ്മുടെ രാജ്യത്തും ഈ ഇരട്ടത്താപ്പ് പ്രകടമാവുന്നത് ഉത്കണ്ഠ ഉണര്‍ത്തുന്നതാണ്. ഗുജറാത്തിലടക്കം ന്യൂന പക്ഷ വിഭാഗത്തിനെതിരെ നടന്ന വംശ ഹത്യയും അതിക്രമങ്ങളും ഭീകരതയാണെന്ന് സമ്മതിക്കാന്‍ ഭരണകൂടം തയ്യാറാകാത്തതാണ് ഇവിടെ തീവ്രവാദ നീക്കങ്ങള്‍ ശക്തിപ്പെടാന്‍ കാരണം. വിവരമില്ലാത്ത ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതില്‍ ഭരണകൂടങ്ങളുടെ നിഷ്‌ക്രിയത്വം കാരണമാകുന്നതായി നൂറുല്‍ ഉലമ പറഞ്ഞു. തീവ്രവാദത്തിന്റെ കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കുന്നതിന് പകരം കോലാഹലങ്ങള്‍ ഉണ്ടാക്കി സമൂഹത്തെ മൊത്തം പ്രതികകൂട്ടില്‍ നിര്‍ത്തുന്ന നടപടി ഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല. വര്‍ധിച്ചു വരുന്ന തീവ്ര ചിന്തയില്‍ നിന്നും ജീര്‍ണതകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ മുഹിമ്മാത്ത്, സഅദിയ്യ പോലുള്ള മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പാഠ്യ പദ്ധതിക്ക് കഴിയുമെന്ന് നൂറുല്‍ ഉലമ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നല്കിയ താത്കാലിക സമൃദ്ധി ധൂര്‍ത്തിന് ഉപയോഗിക്കാതെ കുടുംബത്തിന്റെയും നാടിന്റെയും ഭദ്രതയ്ക്ക് കരുതലായി നില്കാന്‍ പ്രവാസികള്‍ തയ്യാറാകണമെന്ന് എം.എ ഉസ്താദ് ഓര്‍മിപ്പിച്ചു.


No comments:

Post a Comment