വിശുദ്ധ രാവിന്റെ ധന്യതയില്‍ സ്വലാത്ത്‌നഗര്‍ ആത്മീയ സാഗരമായി |
മലപ്പുറം: വിശുദ്ധരാവിന്റെ ധന്യതയേറ്റുവാങ്ങി, പാരസ്പര്യത്തിനായുള്ള പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി മലപ്പുറം സ്വലാത്ത് നഗറില്‍ വിശ്വാസ സാഗരം ഉറങ്ങാതിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു ഈ രാവിന്റെ അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി അവര്‍ മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയില്‍ പരന്നൊഴുകി. ആ പ്രയാണം ഇന്നലെ അര്‍ദ്ധരത്രിയോളം തുടര്‍ന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ, അനുഭൂതി നിറഞ്ഞ മനസ്സുകളോടെ അവര്‍ തിരിച്ചു പോയി. തിങ്കളാഴ്ച രാവിലെ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഇഅ്തികാഫ് ജല്‍സയോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. ളുഹര്‍ നിസ്‌കാരത്തിനു തന്നെ മഅ്ദിന്‍ മസ്ജിദും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില്‍ നിന്നുമെത്തിയവര്‍ ഞായറാഴ്ച തൊട്ടേ സ്വലാത്ത് നഗറില്‍ എത്തിത്തുടങ്ങിയിരന്നു. തുടര്‍ന്ന് ബദ്ര്‍ മൗലിദ് പാരായണം നടന്നു. വിശുദ്ധിയുടെ ഓരോ നിമിഷങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പാകത്തിലായിരുന്നു ക്രമീകരണങ്ങള്‍. സാധാരണക്കാര്‍ വളരെ അപൂര്‍വ്വമായി മാത്രം നിര്‍വ്വഹക്കുന്ന അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരങ്ങളും വിര്‍തുല്ലത്വീഫ് പോലുള്ള ദിക്‌റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരുമയുടെ മാതൃകകളായി ഒന്നിച്ചു നോമ്പുതുറന്നു. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇഫ്താറിന് സൗകര്യമുണ്ടായിരുന്നത്. വിശ്വാസികളുടെ ഈ അപൂര്‍വ്വ വിരുന്നില്‍ ഒന്നിക്കാന്‍ ഉത്തര മേഖല ഐ.ജി മുഹമ്മദ് യാസീന്‍, ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ് തുടങ്ങിയവരും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു. മഗ്‌രിബ്, ഇശാഅ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നു നിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്‍ആന്‍ വീചികളുടെ മാസ്മരികതയും ഈ നഗരിയുടെ അപൂര്‍വ്വാനുഭവമായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വാഗതസംഘം കണ്‍വീനറുമായ പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദിന്റെ സ്വാഗത ഭാഷണത്തോടെ 9.30 മണിക്ക് മുഖ്യവേദിയിലെ പരിപാടികള്‍ തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സി.മുഹമ്മദ് ഫൈസി ഉദ്‌ബോധന പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയാണ് പ്രാര്‍ത്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത്‌സ്വലാത്തിനും നസീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്‍കി. |
![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Monday, September 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment