Wednesday, June 30, 2010

ഡീസലിന്റെ വിലനിയന്ത്രണവും നീക്കുമെന്ന്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പെട്രോളിനു പിന്നാലെ ഡീസലിന്റെയും വിലനിയന്ത്രണം നീക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്‌. ജി 20 ഉച്ചകോടിക്കു ശേഷം കാനഡയില്‍ നിന്ന്‌ രാജ്യത്തെക്ക്‌ മടങ്ങവെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയിയാരുന്നു പ്രധാനമന്ത്രി. പെട്രോളിന്റെ വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക്‌ കൈമാറുകയും എണ്ണവില വര്‍ധിപ്പിക്കുകയും ചെയ്‌തതിനെതിരേ രാജ്യത്ത്‌ പ്രതിപക്ഷപ്പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധമുയര്‍ത്തിക്കൊണ്‌ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ സമാനമായ രീതി ഡീസലിന്റെ കാര്യത്തിലും പിന്തുടരുമെന്ന്‌ പ്രധാനമന്ത്രി പ്രസ്‌താവിച്ചിരിക്കുന്നത്‌. പെട്രോളിയം ഉത്‌പനങ്ങള്‍ക്ക ഉയര്‍ന്ന നിരക്കില്‍ സബ്‌സിഡി നല്‍കുന്നത്‌ രാജ്യത്തിന്റെ സാമ്പത്തിക നിലയ്‌ക്ക താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ്‌ എണ്ണവിലനിയന്ത്രണം നീക്കുന്നതെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ മണ്ണണ്ണയുടെയും പാചകവാതകത്തിന്റെയും വിലനിയന്ത്രണം തുടരുമെന്ന്‌ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പാവപ്പെട്ടവരെ ബാധിക്കാതിരിക്കാനാണിത്‌. ഏതെങ്കിലും ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായല്ല എണ്ണവിലനിയന്ത്രണം നീക്കിയത്‌. ഉടനടി നടപ്പാക്കേണ്‌ട സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ കൂട്ടത്തില്‍ ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയുന്നതുമുണ്‌ട്‌. രാജ്യത്തിന്റെ സാമ്പത്തിക നിലയ്‌ക്കു ഗുണകരമാവുന്ന കാര്യങ്ങളാണ്‌ ചെയ്യുന്നത്‌. ഈ തീരുമാനം സാധാരണക്കാരില്‍ അല്‍പം ഭാരം സൃഷ്ടിക്കുമെങ്കിലും അത്‌ താങ്ങാനാവുന്നതേയുള്ളുവെന്നാണ്‌ താന്‍ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അമിതജനപ്രീതി രാജ്യം കൈവരിച്ചുകൊണ്‌ടിരിക്കുന്ന പുരോഗതിയെ പാളം തെറ്റിക്കരുതെന്നും അന്താരാഷ്ട്രരംഗത്തെ രാജ്യത്തിന്റെ വിജയത്തിന്‌ അത്‌ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

No comments:

Post a Comment