Wednesday, June 30, 2010

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ. ഷെയ്ക്ക് ഷാക്കിര്‍ ഹുസൈനെ നിയമിച്ചതോടെ ഹജ്ജ് നടപടിക്രമങ്ങള്‍ ദ്രുതഗതിയിലാകുമെന്ന് പ്രതീക്ഷ. ഇന്നലെയാണ് പുതിയ നിയമനം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നത്. നിലവില്‍ ഹൈദരാബാദില്‍ അഡീഷനല്‍ ഇന്‍കം ടാക്‌സ് ഡയരക്ടറായ അദ്ദേഹം മുതിര്‍ന്ന ഐ ആര്‍ എസ് ഉദ്യാഗസ്ഥനാണ്. ജുലൈ ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. മുഹമ്മദ് ഉവൈസിന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഷാക്കിര്‍ ഹുസൈനെ നിയമിച്ചിരിക്കുന്നത്.ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് പുതിയ നിയമനം. പല കാരണങ്ങളാലാണ് ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോയത്. ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ രാജിവെച്ചതും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്‍മാരുടെയും തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തതും പ്രധാന ഘടകങ്ങളാണ്. കാലാവധി അവസാനിക്കാറായ ഹജ്ജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഉവൈസും ഇത്തവണത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കാന്‍ കാരണക്കാരനായി എന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കാതെ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് നിയമിച്ച ഉവൈസിന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം ദീര്‍ഘിപ്പിച്ചിരുന്നു. ഹജ്ജിന്റെ തലപ്പത്ത് മൊത്തം നാല് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹം കാലാവധി വീണ്ടും നീട്ടിനല്‍കാന്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി അടുത്ത മാസം എട്ടിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും കോണ്‍ഫ്രന്‍സ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഹാജിമാരുടെ വിമാന സര്‍വീസ് സംബന്ധിച്ച് അന്തിമ ധാരണ ഉടനുണ്ടാകുമെന്നാണ് സൂചന. ഹാജിമാര്‍ക്ക് കെട്ടിടമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ആദ്യസംഘം ഇപ്പോള്‍ സഊദിയിലാണുള്ളത്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ് ഉള്‍പ്പെടെയുള്ള രണ്ടാമത്തെ സംഘം അടുത്ത മാസം നാലിന് സഊദിയിലേക്ക് പോകും.

No comments:

Post a Comment